News & Event

  • home
  • News & Events
26-04-2018

സംഗമം അയല്‍കൂട്ടായ്മ പ്രഖ്യാപനം ഭാവിയുടെ പ്രത്യാശ

തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍, രാജ്യത്തിന്റെ ചരിത്രത്തില്‍ അതുല്യമായ ഓര്‍മകളാണ് അവശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയില്‍ നൂറുകണക്കിനാളുകള്‍ കുരുതികൊടുക്കപ്പെട്ടതിന്റെ ഓര്‍മയായ വാഗണ്‍ ട്രാജഡി ടൗണ്‍ഹാള്‍, പുതിയ പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് നല്‍കുന്ന സ്ത്രീ സംരഭകരുടെ കൂടിച്ചേരല്‍ വേദിയായി. രാവിലെ മുതല്‍ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയല്‍കൂട്ടങ്ങളുടെയും പ്രാദേശിക എന്‍.ജി.ഒകളുടെയും നേതാക്കളായ പെണ്‍സുഹൃത്തുക്കള്‍ ആവേശത്തോടെ ഹാളിലെത്തിത്തുടങ്ങിയിരുന്നു. രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കുതിന് മുമ്പ് തന്നെ 2750 സ്ത്രീകള്‍ ഹാളില്‍ നിറഞ്ഞിരുന്നു. 
തിങ്ങിനിറഞ്ഞ സ്ത്രീസാന്നിദ്ധ്യത്തെ സാക്ഷിയാക്കിയാണ് പരിപാടിക്ക് തുടക്കമായത്. 'സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും സുരക്ഷയും സ്വയം പര്യാപ്തതയും' എന്ന സന്ദേശവുമായി കേരളത്തിലെ പലിശരഹിത അയല്‍കൂട്ടായ്മയുടെ ലോഞ്ചിംഗും നേതൃസംഗമവുമാണ് ടൗണ്‍ഹാളില്‍ നടന്നത്. പീപ്പ്ള്‍സ് ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫാക് (INFACC- ഇന്‍ട്രസ്റ്റ് ഫ്രീ അസോസിയേഷന്‍ കോഡിനേഷന്‍ കമ്മിറ്റി) ഡവലപ്‌മെന്റ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. പലിശരഹിത ബാങ്കിംഗും സാമ്പത്തിക വ്യവസ്ഥയും ലോകതലത്തില്‍ വലിയ ചര്‍ച്ചകളില്‍ വരുന്ന ഇക്കാലത്ത് കേരളത്തില്‍ മൈക്രോഫിനാന്‍സ് രംഗത്ത് ഇത്തരം സംരംഭങ്ങളുടെ സാധ്യത വിളിച്ചോതുന്നതായിരുന്നു പരിപാടി. പ്രാദേശികവും സൂക്ഷമതലത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലും സഹകരണസംഘങ്ങളുടെ നടത്തിപ്പിലും വനിതകള്‍ക്ക് വഹിക്കാനാവുന്ന പങ്കിന്റെ സാധ്യതകള്‍ വ്യക്തമാക്കുതായിരുന്നു പരിപാടിയില്‍ പങ്കെടുക്കുകയും ഇടപെടുകയും ചെയ്ത സ്ത്രീകളുടെ ചടുലതയും സജീവതയും. 
നേതൃസംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സാമൂഹികവും മാനവികവുമായ പുരോഗതിക്ക് പലിശരഹിത സമൂഹം അനിവാര്യമാണെന്ന്. അതുകൊണ്ടുതന്നെ പലിശരഹിത സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഭരണകൂടങ്ങള്‍ അറച്ചു നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പോലുള്ള ലോകരാജ്യങ്ങള്‍ പലിശരഹിത സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഐ.എം.എഫ് പോലുള്ള സ്ഥാപനങ്ങളും ഇത്തരം ശ്രമങ്ങള്‍ ആംരംഭിച്ചിട്ടുണ്ട്. നമ്മുടെ രാജ്യവും ഇത് ആരംഭിക്കുന്നത് രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും സാമ്പത്തിക ഉന്നമനത്തിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇത്തരം സംരംഭങ്ങള്‍ പ്രാദേശിക തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും പലഘട്ടങ്ങളിലും പരിശ്രമിച്ചു. ഇത്തരം ശ്രമങ്ങളുടെ വിജയമാണ് ഈ പരിപാടിയെന്നും അമീര്‍ പറഞ്ഞു. പിന്നാക്കം പോയിട്ടുള്ള ജനവിഭാഗങ്ങളുടെ പ്രതീക്ഷയും പ്രത്യാശയുമായി പലിശരഹിത അയല്‍ കൂട്ടായ്മ നമ്മുടെ നാടിന് അഭിനമായിത്തീരുമെന്ന് അമീര്‍ പ്രത്യാശിച്ചു. 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപേരിലറിയപ്പെടു പലിശരഹിത അയല്‍കൂട്ടങ്ങളും സംവിധാനങ്ങളും ഇനിമുതല്‍ ഇന്‍ഫാകിന്റെ കുടക്കീഴില്‍ 'സംഗമം അയല്‍കൂട്ടായ്മ' എന്ന പേരിലാണ് അറിയപ്പെടുകയെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാക് ചെയര്‍മാന്‍ ടി.കെ ഹുസൈന്‍ പ്രഖ്യാപിച്ചു. ഇത്തരം അയല്‍കൂട്ടങ്ങള്‍ കേരളത്തിന്, പ്രാദേശിക സഹകരണ സംരംഭങ്ങള്‍ക്ക് പുതിയ പ്രതീക്ഷയാകും. 1939-ലെ വലിയ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആധുനിക സാമ്പത്തിക വ്യവസ്ഥയെ കുറച്ചെങ്കിലും കരകയറാന്‍ സഹായിച്ച ആധുനിക മാക്രോ ഇക്കണോമിക്‌സിന്റെ പിതാവായ ജോള്‍ മൈനാടി കെയിന്‍സ് തന്റെ ലിക്വിഡിറ്റി പ്രിഫറന്‍സ്: തിയറി ഓഫ് ഇന്ററസ്റ്റ് സിദ്ധാന്തത്തില്‍ പലിശയില്ലാത്ത കേവല പണത്തിന്റെ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതാണ് സമ്പത്ത് ഘടനയെ ശക്തിപ്പെടുത്തുകയെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഇതുതന്നെയാണ് പലിശരഹിത മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സംഗമം അയല്‍കൂട്ടായ്മയുടെ ലോഞ്ചിംഗ് പ്രശസ്ത എഴുത്തുകാരി ഡോ. കെ.പി സുധീര നിര്‍വ്വഹിച്ചു. ബാങ്കിഗ് മേഖലയുലുള്ള ധാരാളം ചൂഷണങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത്തരം പലിശരഹിത സംരംഭങ്ങള്‍ക്ക് സാധിക്കുമെന്ന്  ബാങ്ക് ഉദ്യോഗസ്ഥ കൂടിയായിരുന്ന എനിക്ക് മനസ്സിലാക്കാനാകുമെന്ന്  അവര്‍ സൂചിപ്പിച്ചു. ഇത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട്  ഇത്രയുമധികം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് സന്തോഷം നല്‍കുന്നതാണെന്നും, ജമാഅത്തെ ഇസ്‌ലാമി ഈ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പുരുഷന്മാരോടൊപ്പം മത്സരിക്കുമ്പോഴല്ല, സ്ത്രീ മാനിക്കപ്പെടുേടത്താണ് സ്വാതന്ത്ര്യമുണ്ടാകുന്നെതും ഇത്തരം കൂട്ടയ്മകള്‍ സ്ത്രീക്ക് നല്‍കപ്പെടുന്ന സ്ഥാനത്തിന്റെ സൂചകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരയുന്ന വാക്കുകളല്ല, കത്തുന്ന വാക്കുകളാണ് ഈ കാലത്തെ സ്ത്രീക്ക് ആവശ്യം. സ്ത്രീകളുടെ ആരും പഠിപ്പിക്കാത്ത തന്റേടം അമാനുഷികമാണെന്ന കാളിദാസന്‍ പറഞ്ഞതും ഇവിടെ സ്മരണീയമാണെന്നും അവര്‍ പറഞ്ഞു. 
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നയ്യാറ്റിന്‍കര, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം അധ്യക്ഷ എ റഹ്മത്തുന്നിസ, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.മുജീബ് റഹ്മാന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. 
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വിജയകരമായി നടന്നുവരുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന സംരംഭക സദസ്സ് ശ്രദ്ധേയമായിരുന്നു. ഭക്ഷണവിഭവങ്ങളുടെ ഉല്‍പാദന വിതരണം നടത്തുന്ന യൂണിറ്റിന്റെ നിയന്ത്രക സനീറ കൊച്ചി, പശുവളര്‍ത്തലും അനുബന്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന ശെരീഫ തിരൂരങ്ങാടി, കൃഷിത്തൈകളടെ ഉല്‍പാദന, വിതരണ യൂണിറ്റ് നടത്തുന്ന ശെരീഫ വാഴക്കാട് എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. ആരാമം വനിതാമാസിക സബ്എഡിറ്റര്‍ ഫൗസിയ ശംസ് സംരംഭക സദസ്സ് നിയന്ത്രിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിചേര്‍ന്ന സഹകരണ സംഘങ്ങളുടെ നേതാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനും വികസിപ്പിക്കാനും വലിയ പ്രേരണയാകുന്നതായിരുന്നു ഈ സെഷന്‍. 
പതിനാലാം രാവ് ഗായകര്‍ അണിനിരന്ന ഗാനവിരുന്ന്്,  ജബ്ബാര്‍ പെരിന്തല്‍മണ്ണയുടെ ഏകാംഗ നാടകം എന്നിവ അരങ്ങേറി. ഇന്‍ഫാക് ജനറല്‍ സെക്രട്ടറി എ അബ്ദുല്ലത്ത്വീഫ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ റഹീം പുത്തനത്താണി നന്ദിയും പറഞ്ഞു. 
ജമാഅത്തെ ഇസ്‌ലാമിയുടെ കീഴില്‍ നേരിട്ടും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പങ്കാളിത്വത്തോടെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അയല്‍കൂട്ടങ്ങളും സഹകരണ സംഘങ്ങളും പലിശരഹിതനിധികളും ഇനിമുതല്‍ സംഗമം പലിശരഹിത അയല്‍കൂട്ടായ്മയുടെ കീഴിലായിരുക്കും സംഘടിപ്പിക്കപ്പെടുക. സ്ത്രീകളുടെയും സമുദായത്തില്‍ ഉപയോഗപ്പെടുത്താതെ കിടക്കുന്ന മറ്റ് വിഭവങ്ങളുടെയും പുനര്‍വിന്യാസവും വികാസവുമാണ് സംഗമത്തിലൂടെ ഇന്‍ഫാക് ലക്ഷ്യമിടുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിലും വിവിധ ജനവിഭാഗങ്ങളിലും കൂടുതല്‍ കാര്യക്ഷമമായി ഇത്തരം സംരംഭങ്ങളും അതിനായുള്ള കൂട്ടായ്മകളും രൂപീകരിക്കാന്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. സ്ത്രീകളുടെ കൂട്ടായ്മകള്‍ക്ക് ഈ മേഖലയിലുള്ള വലിയ സാധ്യതകളാണ് ഈ സംഗമം തുറന്നിടുന്നത്. ആ അര്‍ഥത്തില്‍ സ്ത്രീസംരംഭകരുടെ ഒരു സംഗമ വേദി യായിരുന്നു 'സംഗമം' പ്രഖ്യാപന സമ്മേളനം. ‘